Top 5 This Week

Related Posts

ശബരിമല സ്വര്‍ണക്കൊള്ള: തന്ത്രി കണ്ഠരര് രാജീവരെ SIT അറസ്റ്റ് ചെയ്തു

ശബരിമലയിലെ സ്വര്‍ണ്ണക്കൊള്ള സംബന്ധിച്ച കേസില്‍ അതീവ നിര്‍ണ്ണായകമായ ഒരു നടപടിയുമായി പ്രത്യേക അന്വേഷണ സംഘം (SIT) മുന്നോട്ട്. 2019-ല്‍ ശബരിമലയിലെ ശ്രീകോവില്‍ വാതിലുകളും ദ്വാരപാലക വിഗ്രഹങ്ങളും സ്വര്‍ണ്ണം പൂശുന്നതിനായി വിട്ടുനല്‍കിയതില്‍ വലിയ തോതിലുള്ള തിരിമറി നടന്നുവെന്ന കണ്ടെത്തലിനെത്തുടര്‍ന്നാണ് ഈ നടപടി. വെള്ളിയാഴ്ച രാവിലെ ഒരു രഹസ്യ കേന്ദ്രത്തില്‍ വെച്ച് കണ്ഠരര് രാജീവരെ ചോദ്യം ചെയ്തതിന് പിന്നാലെയാണ് പോലീസ് കസ്റ്റഡിയിലെടുത്തത്. ഉച്ചയ്ക്ക് ശേഷം ഇദ്ദേഹത്തെ കൊച്ചിയിലെ എസ്‌ഐടി ഓഫീസിലേക്ക് മാറ്റുകയും അറസ്റ്റ് ഔദ്യോഗികമായി രേഖപ്പെടുത്തുകയുമായിരുന്നു.

കേസിലെ ഒന്നാം പ്രതി ഉണ്ണികൃഷ്ണന്‍ പോറ്റി, ദേവസ്വം ബോര്‍ഡ് മുന്‍ പ്രസിഡന്റ് എ. പത്മകുമാര്‍ എന്നിവര്‍ നല്‍കിയ മൊഴികളാണ് തന്ത്രിയുടെ അറസ്റ്റിലേക്ക് നയിച്ചതെന്നാണ് ഔദ്യോഗിക വിവരം. ഉണ്ണികൃഷ്ണന്‍ പോറ്റിയുമായി തന്ത്രിക്കുണ്ടായിരുന്ന അടുത്ത ബന്ധത്തെക്കുറിച്ചും എസ്‌ഐടി കൃത്യമായ തെളിവുകള്‍ ശേഖരിച്ചിരുന്നു. ഈ കേസില്‍ അറസ്റ്റിലാകുന്ന 11-ാമത്തെ വ്യക്തിയാണ് കണ്ഠരര് രാജീവര്‍.

2019-ല്‍ ശബരിമലയില്‍ നടന്ന സ്വര്‍ണ്ണം പൂശല്‍ പ്രവൃത്തികളില്‍ കിലോക്കണക്കിന് സ്വര്‍ണ്ണം ദുരുപയോഗം ചെയ്യപ്പെട്ടതായി ഹൈക്കോടതിയുടെ മേല്‍നോട്ടത്തില്‍ നടക്കുന്ന അന്വേഷണത്തില്‍ കണ്ടെത്തിയിരുന്നു. ദ്വാരപാലക വിഗ്രഹങ്ങളുടെയും ശ്രീകോവില്‍ വാതില്‍ ഫ്രെയിമുകളുടെയും സ്വര്‍ണ്ണം പൂശാന്‍ ശുപാര്‍ശ ചെയ്തത് കണ്ഠരര് രാജീവരായിരുന്നു. ദേവസ്വം ബോര്‍ഡ് ഈ പ്രവൃത്തികള്‍ക്കായി അനുമതി തേടിയപ്പോള്‍ തന്ത്രി പദവി ഉപയോഗിച്ച് ഇദ്ദേഹം അത് വേഗത്തില്‍ അംഗീകരിച്ചു നല്‍കി. സ്വര്‍ണ്ണം പൂശിയ ചെമ്പ് ഫലകങ്ങള്‍ കേവലം ‘ചെമ്പ് ഫലകങ്ങള്‍’ എന്ന് മാത്രം രേഖകളില്‍ കാണിച്ചതിലൂടെ വലിയ തോതിലുള്ള സാമ്പത്തിക ലാഭമുണ്ടാക്കാന്‍ പ്രതികള്‍ക്ക് സാധിച്ചുവെന്നാണ് എസ്‌ഐടി വ്യക്തമാക്കുന്നത്.

നിലവില്‍ പ്രത്യേക അന്വേഷണ സംഘം (എസ്‌ഐടി) കേസ് കൃത്യമായി പരിശോധിച്ചു വരികയാണെന്നും അന്വേഷണത്തില്‍ യാതൊരുവിധത്തിലുള്ള രാഷ്ട്രീയ അല്ലെങ്കില്‍ ബാഹ്യ സമ്മര്‍ദ്ദങ്ങളില്ലെന്നും കേരള സംസ്ഥാന പോലീസ് മേധാവി (ഡിജിപി) രവാഡ ചന്ദ്രശേഖര്‍ വ്യക്തമാക്കി. ഹൈക്കോടതിയുടെ നേരിട്ടുള്ള മേല്‍നോട്ടത്തിലാണ് അന്വേഷണം പുരോഗമിക്കുന്നത്. അതുകൊണ്ടുതന്നെ തികച്ചും സ്വതന്ത്രമായ രീതിയിലാണ് എസ്‌ഐടി പ്രവര്‍ത്തിക്കുന്നതെന്ന് ഡിജിപി മാധ്യമങ്ങളോട് പറഞ്ഞു. അന്വേഷണ വേളയില്‍ ലഭിക്കുന്ന തെളിവുകളുടെ അടിസ്ഥാനത്തില്‍ മാത്രമേ തുടര്‍ന്നുള്ള നടപടികള്‍ സ്വീകരിക്കുകയുള്ളൂ. കേസില്‍ ലഭിക്കുന്ന ഓരോ തെളിവും ഗൗരവകരമായി തന്നെ പരിശോധിക്കും. എസ്‌ഐടിയുടെ പ്രവര്‍ത്തനങ്ങളില്‍ പോലീസ് ആസ്ഥാനത്തു നിന്നോ സര്‍ക്കാരില്‍ നിന്നോ യാതൊരുവിധ നിയന്ത്രണങ്ങളും ഏര്‍പ്പെടുത്തിയിട്ടില്ല. നിയമപരമായ എല്ലാ നടപടിക്രമങ്ങളും പാലിച്ചുകൊണ്ടായിരിക്കും അന്വേഷണം മുന്നോട്ട് കൊണ്ടുപോകുകയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

LEAVE A REPLY

Please enter your comment!
Please enter your name here

Popular Articles